തിരുവാതുക്കൽ ഇരട്ടക്കൊല: ദമ്പതിമാരുടെ സംസ്കാരം ഞായറാഴ്ച
Saturday, April 26, 2025 9:19 PM IST
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരുടെ സംസ്കാരം ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടുവളപ്പിലാണ് സംസ്കാരം.
ഞായറാഴ്ച രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇവരുടെ മുന്‍ ജോലിക്കാരനായ അസം ദിബ്രുഗ്രാ ജില്ലയില്‍ പിതാഗുട്ടി ടീ എസ്റ്റേറ്റില്‍ ജൗര ഉറംഗിന്റെ മകന് അമിത് ഉറംഗാ (24)ണ് തിങ്കളാഴ്ച രാത്രിയില്‍ ഇവരെ കൊലപ്പെടുത്തിയത്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോട്ടയം വെസ്റ്റ് പോലീസ് ഉടന്‍തന്നെ കസ്റ്റഡി അപേക്ഷ നല്‍കും. അമേരിക്കയിലുള്ള ഇവരുടെ മകള്‍ നാട്ടില്‍ എത്തുന്നതിനായിട്ടാണ് സംസ്കാരം വൈകിപ്പിച്ചത്. ദമ്പതികളുടെ മകന് ഗൗതം കൃഷ്ണനെ വര്‍ഷങ്ങള്‍ക്കു മുമ്പു റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.