തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ കൈമാറിയെന്ന് സംശയം; അന്വേഷണം തുടങ്ങി
സ്വന്തം ലേഖിക
Saturday, April 26, 2025 9:02 PM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ കൈമാറിയതായി സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചോറ്റാനിക്കര സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കോയമ്പത്തൂര്‍ സ്വദേശിക്ക് കൈമാറിയത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൈമാറിയതായി വിവരം ലഭിച്ചിരിക്കുന്നത്. യുവതി ജോലി സ്ഥലത്തുവച്ച് പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയുമായി കുറച്ചുനാൾ മുൻപ് നാടുവിട്ടിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്കു ശേഷം അയാളുമായി തെറ്റിപ്പിരിഞ്ഞ് അടുത്തിടെ നാട്ടിൽ മടങ്ങി എത്തുകയും ആദ്യ ഭര്‍ത്താവ് ഇവരെ സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തൃശൂര്‍ സ്വദേശിയുടെ കുഞ്ഞിനെ വളര്‍ത്താന്‍ ഭര്‍ത്താവും വീട്ടുകാരും തയാറാകാത്തതിനാലാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ആശാവര്‍ക്കര്‍മാര്‍ മുഖേനയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് ഇവരുടെ പ്രസവം നടന്നതെന്നാണ് പോലീസ് പറയുന്നത്.
ചോറ്റാനിക്കര പോലീസ് യുവതിയെ വിളിപ്പിച്ച് വിവരങ്ങൾ തേടിയിരുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കാന്‍ ആവശ്യപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം.