മരിക്കില്ല മനസുകളിൽ; മാർപാപ്പ നിത്യതയിൽ
Saturday, April 26, 2025 5:38 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. റോമിലെ സെന്റ് മേരിസ് മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്.
വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിലകൊണ്ടിരുന്നു. വൈദിക സമൂഹത്തിനൊപ്പം നിരവധി പ്രമുഖരും മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപിപ്പിച്ചു. സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
നേരത്തെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളും വത്തിക്കാനിലെത്തി മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.