മാർപാപ്പയുടെ സ്മരണകളിൽ ലോകം; വിലാപയാത്ര തുടങ്ങി
Saturday, April 26, 2025 4:00 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾ പൂർത്തിയായി. മാർപാപ്പയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.
കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യബലിക്ക് ശേഷമുള്ള ശവസംസ്കാര ശുശ്രൂഷയുടെ പ്രാര്‍ഥനകള്‍ തുടങ്ങി. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് വിടചൊല്ലാൻ ആയിരക്കണക്കിന് വിശ്വാസികളും വത്തിക്കാനിലെത്തി.