വാക്കുതർക്കം: യുവാവിനെ വെടിവച്ചുകൊന്നു, കടകൾക്ക് തീയിട്ട് ജനക്കൂട്ടം; പോലീസിന് നേരെ കല്ലേറ്
Saturday, April 26, 2025 12:32 PM IST
ജയ്പുർ: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെടിവച്ചുകൊലപ്പെടുത്തിയതിൽ കോപാകുലരായ പ്രദേശവാസികൾ കടകൾക്ക് തീയിട്ടു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
ഡഗ് നിവാസിയും വീഡിയോഗ്രാഫറുമായ ശംഭു സിംഗ്(20) ആണ് മരിച്ചത്. കാറിലെത്തിയ രണ്ടുപേരാണ് ശംഭുവിനെ വെടിവച്ച് കൊന്നത്. ശംഭുവിന്റെ വാഹനവും കാറും തമ്മിൽ ഇടിച്ചിരുന്നു. ഇതേതുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനുപിന്നാലെ ഇവിടെ നിന്നും പോയ ശംഭുവിനെ പിന്തുടർന്നെത്തിയ സംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശംഭു കൊല്ലപ്പെട്ടു.
സംഭവത്തെത്തുടർന്ന്, പ്രകോപിതരായ ജനക്കൂട്ടം പ്രദേശത്തെ ആറ് കടകൾ കത്തിച്ചു. കൂടാതെ പോലീസിന് നേരെ കല്ലേറുമുണ്ടായി. കല്ലേറിൽ റായ്പൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബന്നാലാൽ ജാട്ടിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ജനക്കൂട്ടവുമായുള്ള ഏറ്റുമുട്ടലിൽ അര ഡസനോളം പോലീസുകാർക്കും പരിക്കേറ്റു. തുടർന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് റെഹാൻ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ കാർ പിടിച്ചെടുക്കുകയും ചെയ്തു.
പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ ഇന്റർനെറ്റും റദ്ദാക്കിയിട്ടുണ്ട്.