മോട്ടോര്‍ വാഹനവകുപ്പില്‍ 110 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; നടപടി ചട്ടവിരുദ്ധമെന്ന് ആക്ഷേപം
Saturday, April 26, 2025 11:56 AM IST
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. 110 എഎംവിഐമാരെ സ്ഥലംമാറ്റിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്. 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം.
എന്നാല്‍ സ്ഥലംമാറ്റം ചട്ടവിരുദ്ധമെന്നാണ് ആക്ഷേപം. ജനറല്‍ ട്രാന്‍സ്ഫര്‍ ഈ മാസം വരാനിരിക്കെ ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ വേണ്ടിയുള്ള നടപടിയാണിതെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ പരാതി.
കോടതിയില്‍ പോകുന്നതില്‍നിന്ന് ഉദ്യോഗസ്ഥരെ തടയാനാണ് 48 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന ഉത്തരവെന്നുമാണ് ആരോപണം. അതേസമയം കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നാണ് ഗതാഗത കമ്മീഷണര്‍ അറിയിച്ചത്.