സ്ഫോടകവസ്തു എറിഞ്ഞ സംഭവം; നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ
Saturday, April 26, 2025 11:53 AM IST
തൃശൂര്‍: വീടിന് സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്.
സംഭവത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. സംഭവം നടന്നയുടനെ പോലീസിനെ അറിയിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
എന്നാല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. നടപടി എടുക്കാതിരുന്നാൽ താന്‍ വെറുതെ ഇരിക്കില്ലെന്നും അവർ പറഞ്ഞു.
ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്ന ആളല്ല ശോഭാ സുരേന്ദ്രനും ബിജെപിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖൻ പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ശോഭാ സുരേന്ദ്രന്. സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായും കോണ്ഗ്രസുകാരായാലും സിപിഎമ്മുകാരായാലും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെടുന്നതായും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപം സ്ഫോടനമുണ്ടായത്. ശോഭയുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞത്.
വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. സംഭവസമയത്ത് ശോഭാ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്നു. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം. സംശയകരമായ രീതിയില്‍ ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിന് മൊഴിനല്‍കി.