വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ. സുധാകരനെ ചോദ്യം ചെയ്യുന്നു
Saturday, April 26, 2025 11:37 AM IST
കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തി ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
എൻ.എം. വിജയനും മകൻ ജിജേഷുമാണ് ജീവനൊടുക്കിയത്. കെപിസിസി പ്രസിഡന്റിന് എൻ.എം. വിജയൻ കത്ത് നൽകിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.
എൻ.എം. വിജയൻ എഴുതിയ കത്ത് സുധാകരന് കിട്ടിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എപ്പോൾ കിട്ടി തുടങ്ങിയ കാര്യങ്ങളിലൊക്കെയാണ് അന്വേഷണ സംഘത്തിന് വ്യക്തത വേണ്ടത്.
കേസിൽ പ്രതികളായ ഡിസിസി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെയും മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
ഗോപിനാഥന്റെ വീട്ടിൽ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയിൽ ചില രേഖകളും കണ്ടെടുത്തു. കേസുമായി നേരിട്ട് ബന്ധമില്ലെങ്കിലും അന്വേഷണത്തിന് ഗുണകരമായ രേഖകളാണ് ലഭിച്ചതെന്നാണ് വിവരം.