തിരുവമ്പാടിയുടെ പന്തലുകൾക്ക് കാൽനാട്ടി; നഗരം പൂരലഹരിയിലേക്ക്
സ്വന്തം ലേഖകൻ
Friday, April 25, 2025 9:51 PM IST
തൃശൂർ: 2025ലെ തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവന്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും ഉയർത്തുന്ന നിലപ്പന്തലുകൾക്ക് കാൽനാട്ടി. ചെറുതുരുത്തി ആരാധന പന്തൽ വർക്സിന്റെ സൈതലവിയാണ് നടുവിലാൽ പന്തൽ നിർമിക്കുന്നത്. നായ്ക്കനാൽ പന്തലിന്റെ നിർമാണ ചുമതല ചേറൂർ മണികണ്ഠൻ പള്ളത്തിനാണ്.
മുതിർന്ന കമ്മിറ്റി മെന്പർ എ.മോഹൻകുമാറിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തിരുവന്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ.സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ, ദേവസ്വം ഭാരവാഹികൾ, തട്ടകക്കാർ, പൂരപ്രേമികൾ എന്നിവർ പങ്കെടുത്തു. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ ഉയർത്തുന്ന പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്.
പാറമേക്കാവിനു പിന്നാലെ തിരുവന്പാടിയും പന്തലുകളുടെ പണികൾ തുടങ്ങിയതോടെ നഗരം പൂരലഹരിയിലേക്ക് കടന്നു. 30നാണ് തൃശൂർ പൂരം കൊടിയേറ്റം.മേയ് നാലിനാണ് സാന്പിൾ വെടിക്കെട്ട്. സാന്പിളിനെത്തുന്ന ആൾക്കൂട്ടം പന്തലുകൾ കൂടി കണ്ടാണ് നഗരത്തിൽ നിന്ന് മടങ്ങുക. അപ്പോഴേക്കും പണികൾ പൂർത്തിയാക്കാൻ രാപ്പകലില്ലാതെയാണ് പന്തലുകാർ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്.
പന്തൽ പണികൾ തുടങ്ങിയതോടെ പതിവുപോലെ നഗരത്തിൽ സ്വരാജ് റൗണ്ടിൽ ഗതാഗതക്കുരുക്കും തുടങ്ങി.