റെയിൽവേ പോലീസിന്റെ മർദനത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
Friday, April 25, 2025 5:37 AM IST
ന്യൂഡൽഹി: റെയിൽവേ പോലീസിന്റെ മർദനത്തിൽ പരിക്കേറ്റ് തൊഴിലാളി മരിച്ചു. ആഗ്രയ്ക്കും മഥുരയ്ക്കും ഇടയിൽ ഗോണ്ട്വാന എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ വച്ച് ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കോൺസ്റ്റബിൾമാരുടെ മർദനമേറ്റ് രാംദയാൽ അഹിർവാർ(50) ആണ് മരിച്ചത്.
മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ പലേര നിവാസിയായ രാംദയാൽ അഹിർവാർ, മകനോടൊപ്പം ജോലിക്കായി ഡൽഹിയിലേക്ക് പോവുകയായിരുന്നു.
ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേയ്ക്കായിരുന്നു ഇരുവർക്കും പോകേണ്ടിയിരുന്നത്. തിങ്കളാഴ്ച ലളിത്പൂരിൽ ഗീത ജയന്തി എക്സ്പ്രസിൽ എത്തിയതിന് ശേഷം ഡൽഹിയിലേക്ക് പോകാനായി ഗോണ്ട്വാന എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ ഇരുവരും കയറി.
ആഗ്ര സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ജനറൽ കോച്ചിനുള്ളിൽ അച്ഛൻ ബീഡി കത്തിച്ചു. ഇതു കണ്ടെത്തിയ ജിആർപി കോൺസ്റ്റബിൾമാർ അച്ഛനെ ക്രൂരമായി മർദിച്ചുവെന്ന് വിശാൽ പറഞ്ഞു.
കോൺസ്റ്റബിൾമാർ രാംദയാലിനെ ജനറൽ കോച്ചിൽ നിന്ന് സ്ലീപ്പർ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്ന് ദൃക്സാക്ഷികൾ പറയുന്നു. രാംദയാലിന്റെ ആരോഗ്യനില വഷളായതോടെ, മഥുരയിലെ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
ട്രെയിൻ മഥുര ജംഗ്ഷനിൽ എത്തിയപ്പോൾ, കോൺസ്റ്റബിൾമാർ രാംദയാലിന്റെ മൃതദേഹവുമായി ട്രെയിനിൽ നിന്ന് ഇറങ്ങി. മൃതദേഹം അവിടെ ഉപേക്ഷിച്ചതിന് ശേഷം അവർ യാത്ര തുടർന്നു. തുടർന്ന് ഇവിടെയെത്തിയ ഡോക്ടർ രാംദയാൽ മരിച്ചതായി അറിയിച്ചു.
മകൻ വിശാൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.