വീടുനിർമാണത്തിന് മലിനമായ കുളത്തിലെ വെള്ളമെടുത്ത തൊഴിലാളിക്ക് മസ്തിഷ്കജ്വരം
Thursday, April 24, 2025 2:23 PM IST
തിരുവനന്തപുരം: വീടുനിർമാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക് അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടു. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമനാണ് രോഗം പിടിപെട്ടത്.
ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപാണ് കീഴാറ്റിങ്ങൽ ഭാഗത്ത് വീടുനിർമാണത്തിനിടെ സമീപത്തുള്ള അത്തിയിറക്കോണം ചിറയിൽ ഇറങ്ങി സുധർമൻ വെള്ളമെടുത്തത്. രണ്ടുദിവസം കഴിഞ്ഞ് പനി ബാധിച്ചെങ്കിലും മരുന്നുകഴിച്ചപ്പോൾ ഭേദമായി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശക്തമായ പനി ബാധിച്ചു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വെള്ളമെടുത്ത സ്ഥലം പരിശോധിച്ച ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്തെ കുളങ്ങളും തോടുകളും പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു.
ദിവസങ്ങൾക്കുമുൻപ് അത്തിയിറക്കോണം ചിറയിൽനിന്നു പായൽ വാരിയ രണ്ടുപേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.