ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് നടി അപർണ ജോൺസ്
Thursday, April 24, 2025 1:16 PM IST
തിരുവനന്തപുരം: ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്നാരോപിച്ച് പുതുമുഖ നടി അപർണ ജോൺസ്. സിനിമാ താരം വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ചാണ് അപർണ ജോൺസ് രംഗത്തെത്തിയിരിക്കുന്നത്.
സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ച് ഷൈൻ ടോം ചാക്കോ തന്നോടും മോശമായി പെരുമാറിയെന്ന് അപർണ ജോൺസ് പറഞ്ഞു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേത്. ഇത് വലിയ ബുദ്ധിമുട്ടായെന്നും അവർ പറഞ്ഞു.
സംഭവത്തെകുറിച്ച് അപ്പോൾ തന്നെ ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റിക്ക് പരാതി നൽകിയതായും അവർ വ്യക്തമാക്കി. ഈ പരാതിയിൽ കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും അപർണ പറഞ്ഞു.
തന്റെ കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമനടപടികളുടെ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നുവെന്നും അപർണ കൂട്ടിച്ചേർത്തു.