ഫാസ്റ്റ് ഫുഡ് നിർമാണ യൂണിറ്റിന്റെ ബോയ്ലർ പൊട്ടിത്തെറിച്ച് ഏഴു പേർക്ക് പരിക്ക്
Thursday, April 24, 2025 2:04 AM IST
ലക്നോ: ഫാസ്റ്റ് ഫുഡ് നിർമാണ യൂണിറ്റിന്റെ ബോയ്ലർ പൊട്ടിത്തെറിച്ച് ഏഴു പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.
ഖോരഖ്പുരിലെ ടോട്ടൽ ഫാസ്റ്റ് ഫുഡ് പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ന്യൂഡിൽസ് ഉണക്കാൻ ഉപയോഗിക്കുന്ന ബോയിലറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെല്ലാം ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ്.
ഇവരിൽ ഗുരുതര പരിക്കേറ്റവരെ ബിആർഡി മെഡിക്കൽ കോളജിലേക്കും ബാക്കിയുള്ളവരെ പിപ്രൗലിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിയുടെ ശബ്ദം കാലോമീറ്ററുകൾക്കപ്പുറം പ്രതിധ്വനിച്ചു. പുകയും പൊടിപടലവും കാരണം പരിഭ്രാന്തരായി പലരും ഗേറ്റ് ചാടി. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പു വരുത്താൻ യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തൊഴിലാളികളെ ആശുപത്രിയിൽ സന്ദർശിച്ചു.