തിരുവാതുക്കൽ ഇരട്ടക്കൊല; 24 മണിക്കൂറിനുള്ളിൽ ചുരുളഴിച്ച് പോലീസ്
Wednesday, April 23, 2025 8:10 PM IST
കോട്ടയം: ചൊവ്വാഴ്ച കോട്ടയം നഗരമധ്യത്തിലുണ്ടായ ഇരട്ട കൊലപാതകത്തിലെ പ്രതിയെ 24 മണിക്കൂറിനകം പിടിക്കാൻ കഴിഞ്ഞത് പോലീസ് സേനയുടെ കുറ്റമറ്റ അന്വേഷണവും പഴുതില്ലാത്ത നടപടികളുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. കോട്ടയം തിരുവാതുക്കൽ താമസിക്കുന്ന പ്രവാസി വ്യവസായി വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി തെളിവുകൾ നഷ്ടപ്പെടാതിരിക്കുവാനും, പ്രതി രക്ഷപ്പെടാതിരിക്കുവാനും വേണ്ട നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകി.
ഒരു നിമിഷം പോലും വിശ്രമിക്കാതെ സൈബർ വിഭാഗം ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു. 24 മണിക്കൂർ തികയുന്നതിനു മുമ്പ് ഇന്നു രാവിലെ 08.30 ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആക്കാൻ സാധിച്ചത് പഴുതില്ലാത്ത അന്വേഷണ മികവാണ്.
അന്യ സംസ്ഥാനക്കാരനായ പ്രതി അമിത് കൊല്ലപ്പെട്ട വിജയകുമാറിന്റെ ജോലിക്കാരനായിരുന്നു. സ്വഭാവദൂഷ്യം കാരണം ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനു ശേഷം പ്രതി വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയോളം ഓൺലൈൻ ആയി തട്ടിയെടുത്തതിന് അറസ്റ്റിലാവുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് ഈ മാസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരണപ്പെട്ടവരോട് തനിക്കുള്ള മുൻവൈരാഗ്യം കാരണമാണ് ഇത്തരമൊരു കൊലപാതകം നടത്തിയതെന്ന് പ്രതി തന്നെ പോലീസിനോട് സമ്മതിച്ചു.
തൃശൂർ ജില്ലയിലെ മാളയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, കോട്ടയം വെസ്റ്റ് എസ്എച്ഓ പ്രശാന്ത് കുമാർ, ഈസ്റ്റ് എസ്എച്ഓ യൂ. ശ്രീജിത്ത്, ഗാന്ധിനഗർ എസ്എച്ഓ ശ്രീജിത്ത്, എസ്ഐ മാരായ അനുരാജ്, വിദ്യ, സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥരായ ജോർജ്, ശ്യാം, സുബിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.