ഐപിഎല്ലിൽ ഇന്ന് പഹൽഗാം ഇരകൾക്ക് ആദരവ്; ഒരു മിനിറ്റ് മൗനം ആചരിക്കും
Wednesday, April 23, 2025 3:45 PM IST
ഹൈദരാബാദ്: ജമ്മു കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് ആദരം അർപ്പിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലാണ് പഹൽഗാമിൽ മരണപ്പെട്ടവർക്ക് ആദരവ് അർപ്പിക്കുക.
ഇരുടീമിലെയും താരങ്ങൾ, അന്പയർമാർ, മാച്ച് ഒഫീഷ്യൽസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ കറുത്ത ആംബാൻഡ് ധരിച്ച് കളത്തിലെത്തും.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും. ആദരസൂചകമായി ഇന്നത്തെ മത്സരത്തിൽ ചിയർലീഡർമാരുടെ നൃത്തവും മറ്റ് ഫയർവർക്കുകളും ഉണ്ടാകില്ല.