അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിച്ച് പാക്കിസ്ഥാൻ
Wednesday, April 23, 2025 2:53 PM IST
ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിച്ച് പാക്കിസ്ഥാൻ. ചില ഗ്രാമങ്ങളിലെ ആളുകളോട് ഒഴിഞ്ഞു പോകണമെന്നാണ് പാക് ഭരണകൂടത്തിന്റെ നിർദേശം.
ചില പ്രദേശങ്ങളിൽനിന്നും സൈനികരോടും പിൻമാറാൻ നിർദേശം നൽകിയതായാണ് വിവരം. ഇന്ത്യയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തിരിച്ചടിയുണ്ടാകുമോ എന്ന് ഭയന്നാണ് പാക്കിസ്ഥാന്റെ നടപടി.
വ്യോമസേനയ്ക്കും പാക്കിസ്ഥാൻ ജാഗ്രതാ നിർദേശം നൽകി. രാജ്യത്തിന്റെ തെക്കൻ പട്ടണങ്ങളിൽ ഉണ്ടായിരുന്ന വ്യോമസേനവിമാനങ്ങൾ വടക്കൻ ബേയ്സിലേക്ക് പാക്കിസ്ഥാൻ മാറ്റി.
അതേസമയം ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ബന്ധമില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.