പഹൽഗാമിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം
Wednesday, April 23, 2025 6:01 AM IST
ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെയും കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.
ജമ്മുകാഷ്മീരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരണിൽ ഭീകരാക്രമണത്തിൽ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി.
കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. ജമ്മു കാഷ്മീരിൽ അടുത്ത നാളിൽ നാട്ടുകാർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
ട്രെക്കിംഗിനു പോയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘടനയാണ് ടിആർഎഫ്. സൈനിക വേഷത്തിലെത്തിയ ഏഴു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. ജമ്മുവിലെ കിഷ്താർ വഴിയാണു ഭീകരർ ബൈസരണിലെത്തിയെന്നാണു റിപ്പോർട്ട്.
ബൈസരണിലെ പൈൻ മരക്കാട്ടിൽനിന്നെത്തിയ ഭീകരർ വിനോദസഞ്ചാരികൾക്കു നേരേ പല റൗണ്ട് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ നിരവധി പേർ രക്തത്തിൽ കുളിച്ച് ചലനമില്ലാതെ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ ഏതാനും പേരെ പ്രദേശവാസികൾ അവരുടെ കുതിരപ്പുറത്താണ് റോഡിലെത്തിച്ചത്.