പഹൽഗാം ഭീകരാക്രമണം; നോർക്ക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു
Wednesday, April 23, 2025 4:57 AM IST
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണമാണ് നോർക്ക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചത്.
ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാഷ്മീരിൽ കുടുങ്ങിപ്പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
അതേസമയം പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.