അദ്ദേഹവും സ്വർഗത്തിൽ ക്രിസ്തുവിന്റെ വലതുഭാഗത്തുണ്ടാകും: ചാണ്ടി ഉമ്മൻ
Tuesday, April 22, 2025 3:38 PM IST
കോട്ടയം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. 2020 ഫെബ്രുവരി അഞ്ചിന് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ സഹായത്തോടുകൂടിയാണ് മാർപാപ്പയെ ആദ്യമായി കാണുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞത് തനിക്ക് വേണ്ടി പ്രാർഥിക്കണം എന്നായിരുന്നുവെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു.
അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യമായി പറഞ്ഞതും ഇതേ വാക്കുകൾ തന്നയാണ്. എനിക്ക് വേണ്ടി പ്രാർഥിക്കണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടാനിരുന്ന എന്നോട് അദ്ദേഹം ഇത്തരുണത്തിൽ ആവശ്യപ്പെട്ടത് എന്നെ വളരെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും നിറഞ്ഞൊരു പിതാവിനെ ഇനിയും കാണുക വിരളമാണ് എന്നെനിക്ക് തോന്നി.
പിന്നീട് അദ്ദേഹത്തെ കാണാനുള്ള അവസരം ലഭിച്ചത് 2024 ഓഗസ്റ്റ് 13നാണ്. ഗുരുദേവന്റെ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് സ്വാമി വീരേശ്വരാനന്ദയും ബാബുരാജ് എന്നിവർ എന്നോടൊപ്പം ഉണ്ടായിരുന്നു. അതിനുള്ള അവസരം അന്ന് ഒരുക്കി തന്നത് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പിതാവായിരുന്നു.
ഗുരുദേവന്റെ സർവമത സമ്മേളനം വത്തിക്കാനിൽ വച്ച് നടത്തണം എന്ന അഭ്യർഥനയുമായിട്ടായിരുന്നു ഞങ്ങൾ ചെന്നത്. ശ്രീനാരായണ ഗുരുദേവനേപ്പറ്റിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേപ്പറ്റിയും ജീവിതത്തെപ്പറ്റിയും സ്വാമി വീരേശ്വരാനന്ദ അദ്ദേഹത്തോട് വിശദീകരിക്കുകയും മാർ കൂവക്കാട്ട് പിതാവ് ഇത് ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹത്തിന് ട്രാൻസിലേറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു.
ഞങ്ങൾക്ക് ഓരോരുത്തർക്കും അദ്ദേഹത്തോട് വ്യക്തിപരമായി സംസാരിക്കാൻ സാധിച്ചു. ക്ഷീണിതനായി കാണപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ സാധിച്ചു. നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ സർവമത സമ്മേളനം നടത്താനുള്ള അനുമതി നൽകുകയും ചെയ്തു.
പിന്നീട് മൂന്നാം തവണ അദ്ദേഹത്തെ കാണുവാൻ അവസരം ലഭിച്ചത് അദ്ദേഹം സർവമത സമ്മേളനവുമായി ബന്ധപ്പെട്ട് 185 പ്രതിനിധികളെ അദ്ദേഹം സംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ്. കഴിഞ്ഞ തവണ കണ്ടതിൽ അത്യധികം ഊർജസ്വലനായി സ്വയം നടന്നാണ് അദ്ദേഹം കടന്നുവന്നതും ഗുരുദേവനെ സംബന്ധിച്ച് എഴുതി തയാറാക്കിയ പ്രഭാഷണം നടത്തുകയും ഞങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
മാത്രമല്ല, അന്ന് അദ്ദേഹം രണ്ടു മണിക്കൂർ ഞങ്ങൾക്കൊപ്പം ചിലവഴിച്ചു. തമാശകൾ പറയുകയും അദ്ദേഹത്തിന്റെ കസേര ഞങ്ങൾക്കിടയിൽ കൊണ്ടുവന്ന് അതിൽ ഇരുന്ന് 185 പേരയും കണ്ട് സംസാരിക്കുകയും ഉപഹാരങ്ങൾ നേരിട്ടുതന്നെ കൈപ്പറ്റുകയും ചെയ്തു. അത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഹൈന്ദവ മതത്തോടുള്ള താത്പര്യങ്ങളും ഇന്ത്യൻ സംസ്കാരത്തിന് അദ്ദേഹം നൽകിയ മൂല്യവുമാണ് ഞങ്ങൾക്ക് ഓരോരുത്തർക്കും മനസിലായത്.
കൂടാതെ ഓരോരുത്തർക്കും വത്തിക്കാൻ സ്ക്വയറിൽ താമസിക്കാനും അദ്ദേഹം അനുമതി നൽകി. സാധാരണക്കാരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള അദ്ദേഹത്തിന്റെ കരുണയും കരുതലും അദ്ദേഹത്തെ ക്രിസ്തുവിന്റെ പ്രതിപുരുഷനാക്കുന്നു. ക്രിസ്തുവിന്റെ ഉത്ഥാനത്തോട് അനുബന്ധിച്ച് അദ്ദേഹം നമ്മിൽ നിന്ന് വിട്ടുപിരിയുമ്പോൾ അദ്ദേഹവും സ്വർഗത്തിൽ ക്രിസ്തുവിന്റെ വലതുഭാഗത്തുണ്ടാവും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു- ചാണ്ടി ഉമ്മൻ അനുശോചനക്കുറിപ്പിൽ പറയുന്നു.