ദൈവസ്നേഹവും പ്രത്യാശയും പകർന്നു നല്കിയ വലിയ ഇടയൻ: മാർ മാത്യു മൂലക്കാട്ട്
Tuesday, April 22, 2025 3:14 PM IST
കോട്ടയം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. സകല ജനത്തിനും സ്നേഹവും പ്രത്യാശയും പകർന്നു നല്കി നമ്മെ ഏവരെയും പ്രചോദിപ്പിച്ച പ്രിയങ്കരനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുകയാണ്. പിതാവിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും മാർ മാത്യു മൂലക്കാട്ട് അറിയിച്ചു.
സഭയുടെ ഇടയനായി ചുമതലയേറ്റ സമയം മുതൽ പരിശുദ്ധ പിതാവ് തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് നല്കിയ സന്ദേശങ്ങൾ സഭയുടെ മുന്നോട്ടുള്ള വളർച്ചയിൽ ഏറെ സഹായകമാണ്. അദ്ദേഹത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ഫ്രാൻസിസ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത് യാദൃച്ഛികമായല്ല, വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. പാവങ്ങളുടെ പക്ഷം ചേരാനുള്ള പാപ്പായുടെ അദമ്യമായ ആഗ്രഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ലേഖനങ്ങളിലും നമുക്ക് തെളിവായി കാണാനാകും.
സഭയിൽ എല്ലാവരും തുല്യരാണെന്നും മാമ്മോദീസാ എന്ന കൂദാശയിലൂടെ നാമോരോരുത്തരും കർത്താവിന്റെ ശരീരത്തിലെ അവയവങ്ങളായിത്തീരുകയാണെയാണെന്ന ബോധ്യം ഉണ്ടായിരിക്കുക മാത്രമല്ല, ആ ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്ന് പരിശുദ്ധ പിതാവ് ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി അദ്ദേഹം പരിശ്രമിച്ചു.
സഭാശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന ഓരോരുത്തരും ഇക്കാര്യം ഓർക്കണമെന്നും അവരുടെ ശുശ്രൂഷയിൽ കൂടുതലായി ശ്രദ്ധിക്കേണ്ടത് പാർശ്വവത്കരിക്കപ്പെട്ടവരേയും പുറന്തള്ളപ്പെട്ടവരേയുമാണെന്നും പരിശുദ്ധ പിതാവ് എപ്പോഴും ഓർമിപ്പിച്ചിരുന്നു. ഇടയന്മാർക്ക് ആടിന്റെ മണമുണ്ടാകണമെന്ന് പരിശുദ്ധ പിതാവു പറയുമ്പോൾ അതിനുപിന്നിൽ അദ്ദേഹത്തിന്റെ മനസിൽ ജ്വലിച്ചുനിന്ന കൂട്ടായ്മയുടെയും ശുശ്രൂഷയുടെയും മനോഭാവം എത്ര വലുതായിരുന്നുവെന്ന് നമുക്ക് പറയുക എളുപ്പമല്ല. തീർച്ചയായും പരിശുദ്ധ പിതാവ് അതിനുവേണ്ടി സദാ നമ്മെ പ്രേരിപ്പിച്ചിരുന്നു.
ഈ കാലഘട്ടത്തിൽ പരിശുദ്ധ പിതാവ് ലോകത്തിന്റെ വലിയ മനസാക്ഷിയായി പ്രവർത്തിച്ചുവെന്നത് നമുക്കറിയാവുന്ന വസ്തുതയാണ്. ലോകത്തിൽ എവിടെയുമുണ്ടാകുന്ന കാര്യങ്ങളിൽ പ്രത്യേകിച്ച് എവിടെ മനുഷ്യൻ വേദനിക്കുന്നുവോ അവരോടൊപ്പം വേദനിക്കുന്ന ഒരു ഹൃദയവും അതിനെതിരെ പ്രതികരിക്കുന്ന ഒരു രീതിയും പരിശുദ്ധ പിതാവിന് ഉണ്ടായിരുന്നു. ആരാണെന്നോ എന്താണെന്നോ നോക്കാതെ വേദനിക്കുന്നവരോടൊപ്പം നിൽക്കുവാനും അവർക്കു സഹായമെത്തിക്കുവാനും പരിശുദ്ധ പിതാവ് എപ്പോഴും പരിശ്രമിച്ചിരുന്നു.
ഏറ്റവുമൊടുവിലായി ഈസ്റ്റർ ദിനത്തിലെ തന്റെ സന്ദേശത്തിലും ഇപ്പോഴും ഗാസയിലും മറ്റും യാതന അനുഭവിക്കുന്ന ആളുകളെക്കുറിച്ചുള്ള ആശങ്ക വളരെ പ്രകടമായിരുന്നു. പരിശുദ്ധ പിതാവിന്റെ മനോഭാവം നമുക്കെല്ലാവർക്കുമുണ്ടാകുമ്പോൾ ജാതിമത വ്യത്യാസങ്ങൾക്കതീതമായി എല്ലാവരെയും സഹോദരങ്ങളായി കാണാനുള്ള ഒരു വലിയ പ്രേരണയാണു നമുക്ക് ലഭിക്കുന്നത്. എല്ലാവരും സഹോദരർ എന്ന പരിശുദ്ധ പിതാവിന്റെ ചാക്രിക ലേഖനം വ്യക്തമായി ഈ ആശയത്തെക്കുറിച്ച് പറയുന്നുണ്ട്.
ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പരിശുദ്ധ പിതാവ് പങ്കുവച്ചിരുന്നു. ലോകത്തിന്റെ ഭാവിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പിതാവ് പറയുകയും എഴുതുകയും ചെയ്തിരുന്നു. അതിലൊന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനങ്ങൾ. പരിശുദ്ധ പിതാവ് ഇക്കാര്യങ്ങളെല്ലാം സഭയുടെ പ്രബോധനത്തിന്റെ ശക്തമായ അടിത്തറയിൽ ഉറച്ചുനിന്നായിരുന്നു നല്കിയിരുന്നത്.
എന്നാൽ, അതേസമയം ആ പ്രബോധനങ്ങളൊക്കെ എപ്രകാരം ഒരു കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾക്കനുസൃതമായിട്ട് വളർത്തിയെടുക്കാൻ സാധിക്കും എന്നുള്ളതിനുള്ള നല്ല ഉദാഹരണങ്ങളാണ് പരിശുദ്ധ പിതാവു നല്കിയിട്ടുള്ള നിർദേശങ്ങളും ഉപദേശങ്ങളും. പരിശുദ്ധ പിതാവിനെ നമുക്ക് എന്നും നന്ദിയോടെ ഓർമിക്കാം.
ഭാരതത്തിലേക്ക് വരണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. ഞാൻ തന്നെ വ്യക്തിപരമായി പരിശുദ്ധ പിതാവിനോട് വരുന്ന കാര്യം സംസാരിച്ചു. അപ്പോൾ അടുത്ത വർഷം എന്ന് എന്നോടു പറയുകയും ചെയ്തു. പക്ഷേ, നിർഭാഗ്യവശാൽ അതു സാധിച്ചില്ല. ആരോഗ്യപരമായ കാരണങ്ങളാലും മറ്റു കാരണങ്ങളാലും സാധിച്ചില്ലായെങ്കിലും ഇന്ത്യയെ അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.
പരിശുദ്ധ പിതാവിന്റെ ഭാരതത്തോടുള്ള സ്നേഹം സഭയോടുള്ള സ്നേഹം ഇവയൊക്കെ നമുക്ക് തീർച്ചയായും കൂടുതൽ ഊർജത്തോടെ നാടിനെയും സഭയെയുമൊക്കെ സ്നേഹിക്കാനും, പരിശുദ്ധ പിതാവ് നല്കിയ നിർദേശങ്ങൾ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പ്രകൃതിയുടെ സൂക്ഷിപ്പുകാരായിരിക്കണമെന്നുമുളള നിർദേശങ്ങളുടെ അന്തരാർഥങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാനും നമുക്ക് സാധിക്കട്ടെ.
അങ്ങനെ പരിശുദ്ധ പിതാവിൽ നിന്ന് ലഭിച്ച ഈ നല്ല ചൈതന്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് നമുക്ക് അദ്ദേഹത്തിന് ഉപചാരങ്ങൾ അർപ്പിക്കാം. കർത്താവിന്റെ കരങ്ങളിൽ ആദരപൂർവം സമർപ്പിക്കുകയും ചെയ്യാമെന്നും മാർ മാത്യു മൂലക്കാട്ട് അനുശോചന സന്ദേശത്തിൽ പറഞ്ഞു.