പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎമ്മുകളിൽ ലഭിക്കില്ല; പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍
എസ്.ആർ. സുധീർ കുമാർ
Monday, April 21, 2025 10:39 PM IST
കൊല്ലം: പഴയ 100 രൂപ നോട്ടുകൾ ഇനി എടിഎം കൗണ്ടറുകൾ വഴി ലഭിക്കില്ല. ഇവയുടെ ഉപയോഗവും പ്രചാരവും ക്രമേണ പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. പകരം പുതിയ സീരീസിലെ നോട്ടുകൾ പ്രോത്സാഹിപ്പിക്കും
പുതിയ ഗാന്ധി സീരീസിന് മുമ്പ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകൾ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിക്കഴിഞ്ഞു.
എടിഎമ്മുകളിൽ നിറയ്ക്കുന്ന മൊത്തം കറൻസികളിൽ 10 ശതമാനം 100 രൂപയുടെ പുതിയ നോട്ടുകൾ ആയിരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിലവില്‍ പഴയ 100 രൂപ നോട്ടുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസങ്ങൾ ഒന്നും ഇല്ല. അതേസമയം ടോള്‍ ബൂത്തുകള്‍ അടക്കമുള്ള ചില മേഖലകളില്‍ 100ന്റെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്.
ബാങ്കുകളില്‍ ഈ നോട്ടുകള്‍ കൂടുതലായി നിക്ഷേപിക്കുന്നതിനും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കീറിയതോ കേടുവന്നതോ ആയ നോട്ടുകള്‍ അടുത്തുള്ള ബാങ്കില്‍ മാറ്റി വാങ്ങാം. 5,000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ല. എന്നാൽ 50,000 രൂപയ്ക്ക് മുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇക്കാര്യം ബാങ്ക് ശാഖകൾ മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു.
ഇത്തരം നോട്ടുകൾ സ്വീകരിക്കുന്നതിന് മുമ്പ് പരമ്പരകൾ സൂക്ഷ്മമായി പരിശോധിക്കുകയും വേണം. സംശയാസ്പദമായി എന്തെങ്കിലും ബോധ്യപ്പെട്ടാൽ മേലധികാരികൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം. ബാങ്കുകള്‍ ആര്‍ബിഐയുടെ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അപ്രതീക്ഷിത പരിശോധനകളും നടത്തും. അന്താരാഷ്ട്ര യാത്രകളിൽ ഉപയോഗിക്കുമ്പോൾ വിദേശ കറൻസി കൗണ്ടറുകളിൽ 100 രൂപയുടെ പഴയ നോട്ടുകൾ സ്വീകരിക്കുകയുമില്ല.
2018ലാണ് പുതിയ 100 രൂപയുടെ നോട്ടുകള്‍ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. പഴയ നോട്ടുകളിൽ സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ളതിനാലും എളുപ്പത്തില്‍ വ്യാജ നോട്ടുകള്‍ തയാറാക്കാൻ കഴിയുമെന്നതിനാലുമാണ് ഈ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ ആര്‍ബിഐ ഇപ്പോൾ കര്‍ശനമാക്കിയത്.