പി.വി. അന്‍വറിനെ തള്ളാനാവില്ല; യുഡിഎഫിൽ അനിശ്ചിതത്വം
Monday, April 21, 2025 8:34 PM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നണികൾ കാതോർത്തിരിക്കുന്പോൾ കോണ്‍ഗ്രസിൽ സ്ഥാനാർഥി നിർണയത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്പോഴും സീറ്റിനായുള്ള പിടിവലി തുടരുകയാണ്.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഒരുപോലെ സാധ്യതയുറപ്പിച്ച് നിൽക്കുകയാണ്. ജോയിക്കായി അൻവർ സമ്മർദം ഉയർത്തിയതോടെയാണ് സ്ഥാനാർഥി നിർണയം നീണ്ടുപോകുന്നത്. അൻവറിന് മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടുകളിൽ വരെ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിലയിരുത്തല്‍ കോൺഗ്രസിലുണ്ട്.
2021-ൽ നിലന്പൂർ സീറ്റ് വി.വി. പ്രകാശിനായി വിട്ടുകൊടുത്തപ്പോൾ അടുത്ത തവണ സ്ഥാനാർഥിയാക്കുമെന്ന് പാർട്ടി ഉറപ്പുനൽകിയിരുന്നുവെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ വാദം. ഇതുമുന്നിൽ കണ്ട് താഴെത്തട്ടിൽ അടക്കം സംഘടനാപ്രവർത്തനം ശക്തമാക്കുന്നതിനിടെയാണ് ജോയിക്ക് വേണ്ടിയുള്ള അൻവറിന്റെ ചരടുവലി തുടങ്ങിയത്.
പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ജോയിക്കാണ് മുൻതൂക്കമെന്നും ഷൗക്കത്തിന് നിലന്പൂരിലുള്ള ചില പ്രതികൂല ഘടകങ്ങൾ ജോയിക്കില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വേർപാടിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നത് ഏറെ ഗുണം ചെയ്യുമെന്ന വാദവുമുണ്ട്.
അതിനിടെ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകിയില്ലെങ്കിൽ അദ്ദേഹം ഇടതുമുന്നണി സ്വതന്ത്രസ്ഥാനാർഥിയായി രംഗത്ത് വരാൻ സാധ്യതയുണ്ടെന്ന് വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. പക്ഷേ, ഷൗക്കത്ത് ഇത് നിഷേധിക്കുകയാണ്.
സ്ഥാനാർഥി ആര് എന്നതിനേക്കാൾ എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു പി.വി. അൻവർ നിലകൊള്ളുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.