അടുത്ത മത്സരത്തിലും സഞ്ജു കളിക്കില്ല
Monday, April 21, 2025 5:33 PM IST
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ കളിക്കില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. പരിക്കിനെ തുടർന്ന് ലക്നോ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല.
സഞ്ജുവിന്റെ അഭാവത്തിൽ മധ്യനിര ബാറ്റർ റയാൻ പരാഗാണ് ടീമിനെ നയിച്ചത്. വ്യാഴാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും പരാഗ് ടീമിനെ നയിക്കും.
എവേ മത്സരത്തിനായി ബംഗളൂരുവിൽ എത്തുന്ന റോയൽസ് സംഘത്തിനൊപ്പം സഞ്ജു ഉണ്ടാവില്ല. താരം ജയ്പൂരിൽ തന്നെ തുടരുമെന്നും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും റോയൽസ് ടീം മാനേജ്മെന്റ് അറിയിച്ചു.
ഡൽഹി ക്യാപ്റ്റൽസിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പരിക്കിന്റെ പിടിയിലായിരുന്ന സഞ്ജു ടൂർണമെന്റിൽ ആദ്യ മൂന്ന് മത്സരങ്ങളിലും റോയൽസിനായി ഇംപാക്ട് പ്ലെയർ ആയാണ് കളത്തിലിറങ്ങിയത്. ധ്രുവ് ജുറെലായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റിന് പിന്നിൽ ഗ്ലൗസ് അണിഞ്ഞത്.