ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
Monday, April 21, 2025 11:11 AM IST
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 68 ശതമാനം വിമാനങ്ങളും വൈകി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവള അധികൃതർ നൽകിയ മുന്നറിയിപ്പിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിൽ കമ്പനികൾ വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അറ്റകൂറ്റപ്പണിക്കായി അടച്ചിടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിച്ചുവെന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം.
ഇതിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. അതിൽ അവർ വരുത്തിയ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.
ഇതിനൊപ്പം കാറ്റിന്റെ ഗതി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിമാനകമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ വിമാനകമ്പനികൾ ഇതിനനുസരിച്ച് ഷെഡ്യൂൾ ക്രമീകരിച്ചില്ലെന്നും വിമാനത്താവള അധികൃതർ ആരോപിച്ചു.