കോതമംഗലം ഗാലറി അപകടം: സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്
Monday, April 21, 2025 8:41 AM IST
കൊച്ചി: കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പോലീസ് കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് പോത്താനിക്കാട് പോലീസ് കേസെടുത്തത്.
അപകടം നടന്ന സ്ഥലത്ത് പോത്താനിക്കാട് പോലീസ് പരിശോധന നടത്തി. അപകടത്തിൽ 52 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ നിലവിൽ നാല് പേർ ആശുപത്രിയിൽ തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിനു തൊട്ട് മുൻപായിരുന്നു അപകടം. മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്.