നാഷണൽ ഹെറാൾഡ് കേസ്; ഇഡി ആരെ വേട്ടയാടുന്നുവോ അവർക്കൊപ്പമാണ് സിപിഎം: എം.എ. ബേബി
Sunday, April 20, 2025 10:21 PM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ആരെ വേട്ടയാടുന്നുവോ അവർക്കൊപ്പമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യത്തിൽ സിപിഎമ്മിന് രണ്ട് നിലപാടില്ലെന്നും ബേബി പറഞ്ഞു.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നതായി ഡിഎംകെ വക്താവ് ടി.ആർ. ബാലു വ്യക്തമാക്കി. ഇഡിനീക്കം ഗുജറാത്തിലെ എഐസിസി സമ്മേളനം കാരണമെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.
കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്നത് ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമാണ്. ബിജെപിയുടെ സഖ്യകക്ഷിയെ പോലെ ഇഡി പ്രവർത്തിക്കുന്നു.
റായ്പൂർ സമ്മേളനത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ റെയ്ഡ് ഉണ്ടായെന്നും ബാലു ചൂണ്ടികാട്ടി. ഇപ്പോഴത്തെ നീക്കങ്ങൾ ഇതിന് സമാനമാണെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.
കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ കേന്ദ്ര സർക്കാർ ധൈര്യം കാണിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. നാഷണൽ ഹെറാൾഡ് വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഡിഎംകെയുടെ പ്രതികരണം.