കലിംഗയിൽ ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ക്വാർട്ടറിൽ
Sunday, April 20, 2025 10:02 PM IST
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ കടന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലൂണയും സംഘവും വിജയിച്ചത്.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. പലതവണ ഇരു ഗോൾമുഖത്തും പന്ത് കയറി ഇറങ്ങിയെങ്കിലും ഗോൾ മാത്രം വന്നില്ല. ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ ഗോളാക്കാൻ ബ്ലാസ്റ്റേഴ്സ് താരം ജെസൂസ് ജിമെനസിനും സാധിച്ചില്ല.
ഒടുവിൽ 40-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജിമെനസ് തന്നെയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. നോവ സദോയിയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ജിമെനസ് ലക്ഷ്യത്തിലെത്തിച്ചത്.
രണ്ടാം പകുതിയിൽ ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത ഷോട്ട് ഗോൾവലയിലെത്തിച്ച് നോവ സദോയിയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തിയത്. പിന്നീടും ഗോൾ നേടാൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും നടന്നില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ നിലവിലെ ചാമ്പ്യൻമാരെ നാട്ടിലേക്ക് പറഞ്ഞയച്ച് ബ്ലാസ്റ്റേഴ്സ് രാജകീയമായി ക്വാർട്ടറിലേക്ക് മുന്നേറി.
ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.