ലഹരിക്കേസ്; ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച ഹാജരാകേണ്ട, മൊഴികൾ പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്ന് പോലീസ്
Sunday, April 20, 2025 8:19 PM IST
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച ഹാജരാകേണ്ട. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ വിളിപ്പിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേരും. ഈ യോഗത്തിലായിരിക്കും ഷൈനിനെ എപ്പോൾ ചോദ്യംചെയ്യണമെന്ന് തീരുമാനമെടുക്കുക.
മയക്കുമരുന്ന് കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ലഹരി പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മൂന്നാം നിലയിലെ മുറിയില്‍നിന്നു ജനല്‍ച്ചില്ല് തകര്‍ത്ത് ചാടി രക്ഷപ്പെട്ട ഷൈൻ ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
തുടര്‍ന്ന് നാലര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് ആക്ട് 27 (ബി), 29, ബിഎന്‍എസ് 238 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലഹരി ഉപയോഗം, മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരണ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഷൈനിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വൈകുന്നേരം 5.30ഓടെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.