സുപ്രീംകോടതിക്കെതിരായ പരാമർശം; ബിജെപി എംപിക്കെതിരേ നടപടി ആവശ്യപ്പെട്ട് എജിയ്ക്ക് ബാർ കൗൺസിലിന്റെ കത്ത്
Sunday, April 20, 2025 5:53 PM IST
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിനുമെതിരായ പരാമർശത്തിൽ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ നടപടി വേണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ജുഡീഷ്യറിയുടെ അന്തസിടിക്കുന്ന പ്രസ്താവനയാണ് എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബാർ കൗൺസിൽ വിമർശിച്ചു.
ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ അറ്റോർണി ജനറലിന് കത്ത് നൽകി. സുപ്രീംകോടതി അഭിഭാഷകൻ അനസ് തൻവീറാണ് കത്തയച്ചത്.
സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ജാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്നും ദുബെ പറഞ്ഞു.
സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കുമെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവും എംപിയുമായ നിഷികാന്ത് ദുബെയ്ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു.