ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു
Sunday, April 20, 2025 1:43 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ തുടർച്ചയായ മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിൽ മൂന്നുപേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലിൽ നശിച്ചു. ജമ്മു കാഷ്മീർ-ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റമ്പാൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ദേശീയ പാതയിൽ പാറകളും ചെളിയും മൂടിയ നിലയിലാണ്. ഇതിനാൽ തന്നെ നിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ തന്നെ കുടുങ്ങിയിട്ടുള്ളത്. മറ്റ് അറിയിപ്പുകൾ ലഭിക്കുന്നത് വരെ മേഖലയിലേക്കുള്ള യാത്രകൾ താൽക്കാലികമായി നിർത്തി വയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്.