വിവാദ പരാമർശം: നിഷികാന്ത് ദുബെയ്ക്കെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് കെ.സി. വേണുഗോപാൽ
Sunday, April 20, 2025 12:27 PM IST
ന്യൂഡൽഹി: സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കുമെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവും എംപിയുമായ നിഷികാന്ത് ദുബെയ്ക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.
അങ്ങേയറ്റം ഭരണഘടനാവിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് പറഞ്ഞത്. സുപ്രീംകോടതിയെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ്. ജുഡീഷറിക്കെതിരായ അക്രമണം രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതരഭീഷണിയാണ്. അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോൾ ജുഡീഷറിയെ ഭീഷണിപ്പെടുത്തുകയാണ്. ലോക്സഭാ സ്പീക്കർ നടപടിയെടുക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ജാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്നും ദുബെ പറഞ്ഞു.