"അടിതെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട്': ഈസ്റ്റർ ദിനത്തിൽ തൃശൂരിൽ ദേവാലയങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി
Sunday, April 20, 2025 12:01 PM IST
തൃശൂര്‍: ഈസ്റ്റർ ദിനത്തിൽ തൃശൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂർ പുത്തൻപള്ളി, ഒല്ലൂർ പള്ളി എന്നിവിടങ്ങളിലാണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്.
തുടർന്ന് അതിരൂപതാ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനേയും സന്ദർശിച്ചു. ഇരുവരും പരസ്പരം ഈസ്റ്റർ ആശംസകൾക്കൊപ്പം മധുരവും കൈമാറി. സുരേഷ് ഗോപിക്കൊപ്പം ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു.
അടിതെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട് എന്നതിന്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രതീക്ഷ ഒന്നില്ലെങ്കിൽ ജീവിതമില്ല, പ്രതീക്ഷയിലൂടെയാണ് ഒരോ കുടുംബവും സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകുന്നത്. ആ പ്രതീക്ഷയാണ് ഈസ്റ്റർ നൽകുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.