പ്രത്യാശയുടെ ഈസ്റ്റർ ഇന്ന്
Sunday, April 20, 2025 7:29 AM IST
തിരുവനന്തപുരം: എളിമയുടെ പെസഹാ തിരുനാളും കുരിശുമരണത്തിന്റെ ദുഃഖവെള്ളിയും പിന്നിട്ട് ഇന്ന് പ്രത്യാശയുടെ ഈസ്റ്റർ. മനുഷ്യവർഗത്തിന്റെ പാപപരിഹാരത്തിനായി സ്വയം ബലിയായി സമർപ്പിച്ച ദൈവപുത്രൻ തിരുവെഴുത്തുകളും ദൈവിക വാഗ്ദാനങ്ങളും നിറവേറ്റി ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കലാണിന്ന്.
അമ്പതുനാൾ നീണ്ട വലിയ നോമ്പാചരണത്തിനും ഇന്നു സമാപനമാകും. രാത്രിയിലെ ഈസ്റ്റർ തിരുക്കർമങ്ങൾക്ക് ദേവാലയങ്ങളിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.
ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പൊൻസുദിനം കൂടിയാണിത്. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുകൂടുന്ന കൂടിചേരലിന്റെ ദിവസം കൂടിയാണിത്.
മരണത്തിന്റെയും അന്ധകാരത്തിന്റെയും അധികാരപ്രമത്തതയുടെയും ആധിപത്യത്തെ എന്നന്നേക്കുമായി പരാജയപ്പെടുത്തിക്കൊണ്ടാണ് ഈശോമിശിഹാ ഉയിർത്തെഴുന്നേറ്റത്. ഉത്ഥിതനെ രക്ഷകനായി പ്രഖ്യാപിക്കുന്ന ഏവരെയും അവൻ സമാധാനത്തിലേക്കും പ്രത്യാശയിലേക്കും പ്രതീക്ഷയിലേക്കും വഴിനടത്തുന്നു. മാന്യവായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ.