കോന്നി ആനത്താവളത്തിൽ തൂണ് തലയിൽവീണ് മരിച്ച നാലു വയസുകാരന് ഇന്ന് നാട് വിടനൽകും
Sunday, April 20, 2025 5:48 AM IST
കോന്നി: ആനത്താവളത്തിൽ കോൺക്രീറ്റ് തൂണ് ഇളകിവീണ് മരിച്ച നാലു വയസുകാരന്റെ സംസ്കാരം ഇന്ന്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കടമ്പനാട് ഗണേശവിലാസം വീട്ടുവളപ്പിൽ നടക്കും.
അടൂർ കടമ്പനാട് തോയിപ്പാട്ട് അജിയുടെയും ശാരിയുടെയും മകൻ അഭിരാമാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ കോന്നി ആനത്താവളത്തിൽ സന്ദർശകരായെത്തിയ സംഘത്തിലെ കുട്ടി കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂണ് ഇളകി തലയിൽ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്.
കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനത്താവള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. തൂണ് നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം കുട്ടി മരിച്ച സംഭവത്തിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ നടപടിയെടുത്തു. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആര്. അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ സസ്പെൻഡ് ചെയ്യാനും നിർദേശമുണ്ട്. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.