സ്ട്രൈക്ക് റേറ്റ് ഉയർത്താൻ സിഎസ്കെ; ഡിവാള്‍ഡ് ബ്രെവിസിനെ ടീമിലെടുത്തു
Friday, April 18, 2025 6:06 PM IST
ചെന്നൈ: ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാള്‍ഡ് ബ്രെവിസിനെ ടീമിലെടുത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. പരിക്കേറ്റ പേസര്‍ ഗുര്‍ജപ്നീത് സിംഗിന് പകരക്കാരനായാണ് ബ്രെവിസിനെ ചെന്നൈ ടീമിലെത്തിച്ചത്.
ടീമില്‍ ഒരു വിദേശ താരത്തിന്റെ ഒഴിവുള്ളതിനാലാണ് പരിക്കേറ്റ ഗുര്‍ജപ്നീത് സിംഗിന് പകരം ബ്രെവിസിനെ ടീമിലെത്തിക്കാന്‍ ചെന്നൈക്കായത്.ഐപിഎല്ലില്‍ മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള ബ്രെവിസിനെ ഇത്തവണത്തെ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല,
ഐപിഎല്ലില്‍ മുംബൈ കുപ്പായത്തില്‍ 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 21കാരനായ ബ്രെവിസ് ഇത്തവണ ദക്ഷിണാഫ്രിക്കന്‍ ടി20യിലെ റണ്‍വേട്ടയില്‍ ആദ്യ പത്തിലെത്തിയിരുന്നു. സീസണില്‍ പരിക്കുമൂലം ചെന്നൈ ടീമിലെത്തുന്ന രണ്ടാമത്തെ പകരക്കാരനാണ് ബ്രെവിസ്. നേരത്തെ പരിക്കുമൂലം പുറത്തായ റുതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനായി മുംബൈ താരം ആയുഷ് മാത്രെയെ ചെന്നൈ ടീമിലെടുത്തിരുന്നു.