ദുഃഖവെള്ളി ആത്മീയ നവീകരണത്തിനും ആത്മപരിശോധനയ്ക്കുമുള്ള അവസരം: സി.വി. ആനന്ദബോസ്
Thursday, April 17, 2025 10:52 PM IST
കോൽക്കത്ത: ദുഃഖവെള്ളിയുടെ ത്യാഗനിർഭരമായ ഓർമയിൽ, പശ്ചിമ ബംഗാളിലും രാജ്യമെമ്പാടുമുള്ള സഹോദരീ സഹോദരന്മാർക്ക് ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രത്യാശയും സമാധാനവും നേർന്നു. ഈസ്റ്റർ ഞായറാഴ്ചയിലേക്കുള്ള യാത്രയിൽ ദുഃഖവെള്ളിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യേശുവിന്റെ പീഡാനുഭവങ്ങളും കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും സഹനം, ക്ഷമ, സേവനം, മനുഷ്യരാശിയോടുള്ള അവന്റെ നിത്യസ്നേഹം എന്നിവയെ ഉയർത്തിക്കാട്ടുന്നു. ആത്മീയ നവീകരണത്തിനും ആത്മപരിശോധനയ്ക്കുമുള്ള അവസരമാണ് ദുഃഖവെള്ളി.
കുരിശുമരണത്തിന് മുമ്പ് യേശു അന്ത്യ അത്താഴം കഴിച്ചു. എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള യേശുക്രിസ്തുവിന്റെ നിത്യതയിലേക്കുള്ള സന്ദേശമായിരുന്നു അത്.
എന്തെന്നാൽ, അവസാനത്തെ അത്താഴ വേളയിൽ അപ്പം മുറിക്കുമ്പോൾ യേശു പറഞ്ഞു, "എടുക്കൂ, ഭക്ഷിക്കൂ, ഇത് എന്റെ ശരീരമാണ്." പിന്നെ, ഒരു പാനപാത്രം വീഞ്ഞു കൊടുത്തുകൊണ്ട് അവൻ പറഞ്ഞു, "ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയപ്പെടുന്ന ഉടമ്പടിയുടെ രക്തമാണ്" (മത്തായി 26:26-28).
യേശു തന്റെ ശിഷ്യന്മാർക്ക് ഒരു പുതിയ കൽപ്പന നൽകി, "നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും" (യോഹന്നാൻ 13:34-35).
ഇത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് തെളിയിക്കുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതം നമുക്ക് പ്രത്യാശ നൽകട്ടെ. ഈ ദുഃഖവെള്ളി നിങ്ങൾക്ക് സമാധാനവും ചിത്തനവീകരണവും നൽകട്ടെ.
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് നിങ്ങളുടെ ഹൃദയത്തിൽ പ്രത്യാശയും സന്തോഷവും നിറയ്ക്കട്ടെ. ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും ആത്മാവ് നമ്മുടെ യാത്രയിൽ നമ്മെ നയിക്കട്ടെ എന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.