കൊല്ലം പൂരത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവം; ക്ഷേത്രോപദേശക സമിതിക്ക് പങ്കില്ലെന്ന് അന്വേഷണ റിപ്പോർട്ട്
Thursday, April 17, 2025 8:47 PM IST
കൊല്ലം: പൂരത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതിക്ക് പങ്കില്ലെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന ദേവസ്വംബോർഡ് യോഗത്തിൽ വിഷയം ചർച്ചചെയ്യും. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് സംഭവം.
നവോത്ഥാന നായകന്മാർക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. ബി.ആർ. അംബേദ്ക്കർ, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും സ്ഥാനം പിടിച്ചത്.
ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിലിയ വിവാദമായിരുന്നു.