ബില്ലുകൾ പാസാക്കുന്നതിന് സമയപരിധി; സുപ്രീംകോടതിക്കെതിരെ വിമർശനവുമായി ഉപരാഷ്ട്രപതി
Thursday, April 17, 2025 2:43 PM IST
ന്യൂഡൽഹി: ബില്ലുകൾ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനെ രൂക്ഷമായി വിമർശിച്ചാണ് ഉപരാഷ്ട്രപതി രംഗത്ത് എത്തിയത്. ആർട്ടിക്കിൾ 142 സുപ്രീംകോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്നുണ്ടെങ്കിലും കോടതികൾ രാഷ്ട്രപതിയെ നിർദേശിക്കുന്ന സാഹചര്യം നമുക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ ഈ അനുച്ഛേദത്തിൽ സമയപരിധി നിശ്ചയിച്ചിരുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ചുവച്ച ശേഷം പിന്നീട് രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ഭരണഘടനാവിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.