വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
Thursday, April 17, 2025 11:42 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ബുധനാഴ്ച നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണയക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു.
നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദേശങ്ങൾ കോടതി ബുധനാഴ്ച തയാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യർഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംകൾ തന്നെയാകണമെന്ന നിലപാടിലാണു കോടതി. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾതന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയെയും കോടതി എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസമില്ലെന്നും എന്നാൽ വഖഫ് സ്വത്തിന്റെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.