ആ നടൻ ഷൈൻ ടോം ചാക്കോ; വിൻസി അലോഷ്യസ് പരാതി നൽകി
Thursday, April 17, 2025 10:10 AM IST
തിരുവനന്തപുരം: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും.
നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉടൻ വിവരശേഖരണം നടത്തും. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
വിൻസിയുടെ വെളിപ്പെടുത്തലിൽ സ്റ്റേറ്റ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽ നിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്.