വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല; ബിജെപിയുടേത് കുളം കലക്കി മീൻപിടിക്കൽ: മുഖ്യമന്ത്രി
Wednesday, April 16, 2025 6:40 PM IST
തിരുവനന്തപുരം: മുനമ്പത്ത് ബിജെപിയുടെ കുളം കലക്കി മീൻ പിടിക്കൽ ആണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കും. കമ്മീഷനെ വച്ചപ്പോൾ തന്നെ സമരം നിർത്താൻ ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ബില്ലിലൂടെ മുസ്ലീം വിരുദ്ധ അജണ്ട നടപ്പാക്കാൻ ശ്രമിച്ചു. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന് പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചു.
വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ കൊണ്ടുവന്നുള്ള ബിജെപി രാഷ്ട്രീയം പൊളിഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മത നേതാക്കളുടെയും പിന്തുണ ഉറപ്പാക്കും.
മത പാഠശാലകളിൽ ലഹരി വിരുദ്ധ പ്രചാരം നടത്തും. ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കും. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയിൻ നടത്തുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ഏപ്രിൽ എട്ട് മുതൽ 14 വരെ ഓപ്പറേഷൻ ഡി-ഹണ്ട് വഴി 15327 വ്യക്കികളെ പരിശോധനയ്ക്ക് വിധേയമാക്കി. 927 കേസുകൾ രജിസ്റ്റർചെയ്തുവെന്നും 994 പേരെ അറസ്റ്റുചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിജിലൻസിന്റെ പ്രവർത്തനം വിപുലമാക്കും. അഴിമതി ഇല്ലാതാക്കാൻ ക്യാമ്പയിൻ ശക്തമാക്കും. അഴിമതി കേസുകൾ ആഴത്തിൽ അന്വേഷിക്കും.
മാർച്ചിൽ മാത്രം 14 പേരെ വിജിലൻസ് പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.