കാഷ്മീരിൽ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിനോദസഞ്ചാരത്തിന് വിലക്ക്
Wednesday, April 16, 2025 1:16 AM IST
ശ്രീനഗർ: കുപ്വാരയിൽ കോളജ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി ജമ്മുകാഷ്മീർ സർക്കാർ.
വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി മറ്റ് നടപടികൾക്ക് പുറമേ, കോളജ്, സ്കൂൾ ബസുകളിൽ സിസിടിവി കാമറകളും അഗ്നി സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കാൻ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ ഉത്തരവിട്ടു.
വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വർധിച്ചുവരുന്ന അപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മന്ത്രി, അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസ് ലംഘനങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പിനോടും പോലീസിനോടും ആവശ്യപ്പെട്ടു.