ബംഗാൾ സംഘര്‍ഷങ്ങളിൽ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജികൾ
Tuesday, April 15, 2025 3:32 PM IST
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ വിഷയത്തിൽ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍.
അഭിഭാഷകരായ ശശാങ്ക് ശേഖര്‍ ഝാ, വിശാല്‍ തിവാരി എന്നിവരാണ് പൊതുതാത്പര്യ ഹർജികൾ സമർപ്പിച്ചത്. അക്രമ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ശേഖര്‍ ഝാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, അക്രമ സംഭവങ്ങളെക്കുറിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ജുഡീഷല്‍ അന്വേഷണ കമ്മീഷന് രൂപീകരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് വിശാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച മുര്‍ഷിദാബാദ് ജില്ലയിലെ ധൂലിയനില്‍ വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നാലെ, തിങ്കളാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.