നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് പ്രവേശനത്തിന് അൻവർ
സ്വന്തം ലേഖകന്‍
Tuesday, April 15, 2025 2:45 PM IST
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണു പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന നിലപാടിലാണ് അന്‍വര്‍. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര് ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവര്‍ത്തനം നടത്താനാകുമെന്നാണ് അന്‍വര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തുമാണ് പരിഗണന പട്ടികയിലുള്ളത്. ഇവരിലാരാകണം സ്ഥാനാ ർഥിയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ മുന്നണികൾ തിരക്കിട്ട ചർച്ചകളിലാണ്. നേരത്തെ വി.എസ്. ജോയിയുടെ പേരാണ് അൻവർ യുഡിഎഫ് നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നത്. ആ നിലപാടിൽത്തന്നെ അൻവർ ഉറച്ചുനിൽക്കുകയുമാണ്.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാൽ അൻവർ ഇടയുമോ എന്നതും കോൺഗ്രസിന് ആശങ്കയുണ്ട്. താന്‍ പറഞ്ഞ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കുകയും യുഡിഎഫ് പ്രവേശനം നടക്കാതിരിക്കുകയും ചെയ്താല്‍ അന്‍വര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്.
അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. വിഷയത്തിൽ മുസ്ലിം ലീഗിന്റെ അഭിപ്രായവും നിർണായകമാണ്. ആര്യാടൻ ഷൗക്കത്തിന് സ്ഥാനാർഥിത്വം നൽകണമെങ്കിൽ അൻവറിന്റെ മുന്നണി പ്രവേശനത്തിന് നേതൃത്വം പച്ചക്കൊടി വീശേണ്ടി വരും.
പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥിയെ ആണ് സിപിഎം പരിഗണിക്കുന്നത്. ചുങ്കത്തറ മാർത്തോമ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. തോമസ് മാത്യു, നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി, എന്നിവരാണു പ്രഥമ പരിഗണനയില്‍.
എന്നാൽ സ്ഥാനാർഥിത്വ വിഷയത്തിൽ യുഡിഎഫിൽ തർക്കമുണ്ടായാൽ അത് മുതലെടുക്കാനും സിപിഎം കോപ്പുകൂട്ടുന്നുണ്ട്. വി.എസ്.ജോയ് സ്ഥാനാർഥിയായാൽ ആര്യാടൻ ഷൗക്കത്തിനെ ഒപ്പം കൂട്ടാൻ എൽഡിഎഫ് ചരടുവലി നടത്തിയേക്കും. എന്നാൽ ഇക്കാര്യത്തിൽ എൽഡിഎഫ് നേതൃത്വം പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.