സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തൂ; നിയമം കൈയിലെടുക്കരുത്, കെണിയിൽ വീഴരുത്: മമത ബാനർജി
Tuesday, April 15, 2025 2:22 PM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ സമാധാനത്തിന് ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷേധിക്കാനുളള അവകാശം ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിയമം കൈയിലെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു.
ദക്ഷിണ കോൽക്കത്തയിലെ കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിന് സമീപം ആകാശപ്പാത ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ ആഹ്വാനം.
എല്ലാ മതങ്ങളും മനുഷ്യരെ സ്നേഹിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. നമ്മള് ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്. പിന്നെ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്? എന്തിനാണ് കലാപങ്ങള്‍? എന്തിനാണ് അശാന്തി? മനുഷ്യരോടുളള സ്നേഹം നമ്മെ വിജയിപ്പിക്കും. അവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ ആക്രമിക്കപ്പെടുന്നവര്‍ക്കും അടിച്ചമര്‍ത്തപ്പെടുത്തുന്നവര്‍ക്കുമൊപ്പം നില്‍ക്കണമെന്നും മമത കൂട്ടിച്ചേർത്തു.
സമാധാനപരമായ പ്രതിഷേധങ്ങളുയര്‍ത്താന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ആരും നിയമം കൈയിലെടുക്കരുതെന്ന് ഞാന്‍ അഭ്യർഥിക്കുന്നു. നമുക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെ കെണിയില്‍ വീഴരുതെന്ന് താൻ അഭ്യര്‍ഥിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മുര്‍ഷിദാബാദ് ജില്ലയിലെ ധൂലിയനില്‍ വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നാലെ, തിങ്കളാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.