വഖഫ് നിയമം മുസ്ലിംകള്ക്കെതിരല്ല, തെറ്റായ പ്രചരണത്തിന് ചിലർ ശ്രമിക്കുന്നു: കിരണ്‍ റിജിജു
Tuesday, April 15, 2025 1:55 PM IST
കൊച്ചി: വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. വഖഫ് നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും അദ്ദേഹം കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിംകൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്, എന്നാൽ ഇത് തെറ്റാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.
വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദിയറിയിക്കാൻ എൻഡിഎയുടെ നേതൃത്വത്തിൽ മുനമ്പത്ത് നടത്തുന്ന ‘നന്ദി മോദി–ബഹുജനക്കൂട്ടായ്മ’യിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം കിരൺ റിജിജുവാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
മുനമ്പം വിഷയം ബിജെപി രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം കോൺഗ്രസും സിപിഎമ്മും ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തുന്നത്. വൈകുന്നേരം അഞ്ചിന് മുനമ്പം സമരപ്പന്തലിലെത്തി ഭൂസംരക്ഷണ സമിതി നേതാക്കളുമായി ആശയവിനിമയം നടത്തും.