കള്ളം പറയാന്‍ കെ.എം. ഏബ്രഹാം വിദഗ്ധന്‍: ജേക്കബ് തോമസ്
Tuesday, April 15, 2025 12:48 PM IST
കൊച്ചി: സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അഴിമതി കേസുകള്‍ നടത്താനാണ് കെ.എം. ഏബ്രഹാം അധികാരത്തില്‍ തുടരുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. കള്ളം പറയുന്നതില്‍ ഏബ്രഹാം വിദഗ്ധനാണ്. തനിക്കെതിരേ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ് ഇക്കാര്യം മറച്ചു വെച്ചാണ് ഏബ്രഹാം സംസാരിക്കുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
കോടതിയോട് ബഹുമാനം ഉണ്ടെങ്കില്‍ ഏബ്രഹാം ഇത് പറയില്ല. എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്. അഴിമതി ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാനാണ് റിട്ടയര്‍ ചെയ്ത ശേഷവും എബ്രഹാം അധികാരത്തില്‍ തുടരുന്നത്. ശിവശങ്കരന് ചെയ്ത കാര്യങ്ങള്‍ ചെയ്യാനാണ് മുഖ്യമന്ത്രി ഏബ്രഹാമിനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ശിവശങ്കരന് ചെയ്തത് എന്തൊക്കെയെന്ന് സ്വപ്ന സുരേഷ് വിളിച്ചു പറഞ്ഞു. അതുപോലെ ഏബ്രഹാം ചെയ്ത കാര്യങ്ങളും ഏതെങ്കിലും സ്വപ്ന സുരേഷ് ഒരിക്കല്‍ പറയും. ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരനായ ജോമോന് പുത്തന്പുരയ്ക്കലും ജേക്കബ് തോമസും ചേര്‍ന്നുള്ള നീക്കമാണ് സിബിഐ അന്വേഷണത്തിന് കാരണമെന്ന് കെ.എം. ഏബ്രഹാം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.