‘നന്ദി മോദി- ബഹുജനകൂട്ടായ്മ’ ഇന്ന് മുനമ്പത്ത്; കേന്ദ്രമന്ത്രി കിരൺ റിജിജു എത്തും
Tuesday, April 15, 2025 9:55 AM IST
കൊച്ചി: വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദിയറിയിക്കാൻ എൻഡിഎയുടെ നേതൃത്വത്തിൽ ഇന്ന് മുനമ്പത്ത് ‘നന്ദി മോദി–ബഹുജനക്കൂട്ടായ്മ’ സംഘടിപ്പിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
മുനമ്പം വിഷയം ബിജെപി രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം കോൺഗ്രസും സിപിഎമ്മും ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തുന്നത്.
രാവിലെ പതിനൊന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന കിരൺ റിജിജു ആദ്യം വരാപ്പുഴ അതിരൂപതാ ആസ്ഥാനത്തേക്കാണ് എത്തുന്നത്. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം അഞ്ചിന് മുനമ്പം സമരപ്പന്തലിലെത്തി ഭൂസംരക്ഷണ സമിതി നേതാക്കളുമായി ആശയവിനിമയം നടത്തും. പരിപാടിക്ക് മുൻപ് അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണും.