ചോക്സിയുടെ അറസ്റ്റ് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
Monday, April 14, 2025 5:09 PM IST
ന്യൂഡൽഹി: വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ഏഴു വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് അധികൃതർ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 2018-ലാണ് മെഹുല്‍ ചോക്സിയും ബന്ധുവായ നീരവ് മോദിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐയും ഇഡിയും കേസെടുത്തത്. എന്നാല്‍ അതേവര്‍ഷം തന്നെ മെഹുല്‍ ചോക്സി ഇന്ത്യയില്‍നിന്ന് മുങ്ങി. ആദ്യം അമേരിക്കയിലേക്കും അവിടെനിന്ന് ആന്റിഗ്വയിലേക്കുമാണ് ചോക്സി പറന്നത്.
ഇതിനിടെ കാന്‍സര്‍ ചികിത്സയ്ക്കായി ചോക്സിയും ഭാര്യയും ബെല്‍ജിയത്തിലേക്ക് പോയി. പിന്നീട് ആന്റിഗ്വയില്‍ തിരികെ എത്തിയെങ്കിലും കഴിഞ്ഞവര്‍ഷം മുതല്‍ ഇരുവരും ബെല്‍ജിയത്തില്‍ വീണ്ടും താമസമാക്കി. അടുത്തിടെ മെഹുല്‍ ചോക്സിയും ഭാര്യ പ്രീതി ചോക്സിയും ബെല്‍ജിയത്തിലെ എഫ് റെസിഡന്‍സി കാര്‍ഡുകള്‍ നേടിയിരുന്നതായാണ് വിവരം.
നിലവില്‍ ചോക്സിയെ എത്രയുംപെട്ടെന്ന് ഇന്ത്യയിലെത്തിക്കാനാണ് സിബിഐയുടെ ശ്രമം. ചോക്സിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങളും ഇന്ത്യന്‍ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുംബൈയിലെ പ്രത്യേക കോടതി ചോക്സിക്കെതിരേ 2018-ലും 2021-ലും പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളടക്കം ഇന്ത്യ ബെല്‍ജിയത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.