പൊന്‍ കണികണ്ടുണർന്നു; വിഷു ആഘോഷത്തിൽ നാടും നഗരവും
Monday, April 14, 2025 9:11 AM IST
തിരുവനന്തപുരം: സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് ഉണർന്ന് നാടും നഗരവും. പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കൈനീട്ടവും നല്കി നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ വിഷു ആഘോഷത്തിന്റെ തിരക്കിലേക്ക് കടന്നു.
കേരളത്തിലെ കാർഷികോത്സവവും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവം കൂടിയാണ് വിഷു. ഒരുക്കിവെക്കുന്ന കണിപോലെ വരും വർഷം സമൃദ്ധമാകുമെന്നാണ് പ്രതീക്ഷ.
ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദർശനത്തിനായി വലിയ തിരക്ക് അനുഭവപ്പെട്ടു. വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. പുലര്‍ച്ചെ 2.45 മുതലായിരുന്നു വിഷുക്കണി ദർശനം. ശബരിമലയില്‍ പുലർച്ചെ നാല് മുതൽ രാവിലെ ഏഴ് വരെയായിരുന്നു ദർശനം.